Wednesday, 30 April 2008

ചില ഫോട്ടോകള്‍ കൂടിയുണ്ട്‌....

വിശ്വപ്രഭ മാഷിന്റെ മലയാളം വികിപീഡിയ എന്ന ഐഡിയ......
ബൂലോകത്തും ഒരു കൈ നോക്കാന്‍ ജെഫ്രീന....സമീപം കണ്ണൂരാന്‍ മാഷ്‌.....

ഇതു വെറും പച്ച വെള്ളമാട്ടോ....ആദര്‍ശ്‌,മലബാരി,തുടങ്ങിയവര്‍ അക്കാദമി മീറ്റിന്‌ ശേഷമുള്ള ഈറ്റിന്‌ കോഫീഹൗസില്‍..... സോറി....അടുത്ത മീറ്റിന്റെ ചര്‍ച്ചക്കിടയില്‍......


ആദര്‍ശ്‌,മണിക്കുട്ടി,ഏറനാടന്‍,സുനില്‍ എന്നിവര്‍ കൂടി കോഫീഹൗസില്‍.....Sunday, 27 April 2008

ബെര്‍ലിയോടൊപ്പം

വാദപ്രതിവാദ സമയത്ത് ചോര വീഴ്ത്തുമെങ്കിലും ഞങ്ങള്‍ ഒന്നാണ് ഞങ്ങള്‍ കൂട്ടുകാര് ബെര്‍ലിയോടൊപ്പം ഏറനാടനും സുകുമാരേട്ടനും


ശില്‍പ്പശാല ചിത്രങ്ങളിലൂടെ....

ദേശാഭിമാനി കണ്ണൂര്‍ ഏഡിഷനില്‍ വന്ന വാര്‍ത്തയുടെ സ്കാന്‍ ചെയ്ത കോപ്പി ഇടുന്നു.കോഴിക്കോട്ടെ പത്രങ്ങള്‍ ബ്ലോഗ് ശില്‍പ്പശാലക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതുവഴിയെ ഇവിടെ തന്നെ പ്രസിദ്ധീകരിക്കാം.ദേശാഭിമാനിക്ക് ബ്ലോഗ് അക്കാദമി നന്ദി പറയുന്നു.
വി.കെ.ആദര്‍ശ് ബ്ലോഗിന്റെ പ്രസക്തിയെക്കുറിച്ചും,സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സമൂഹ ശുദ്ധീകരണ ശേഷിയെക്കുറിച്ചും ക്ലാസ്സെടുക്കുന്നു.

ബ്ലോഗാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം നടത്തുന്നത് എല്‍.സി.ഡി പ്രൊജക്റ്ററിലൂടെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാനായതിനാല്‍ ...ചടങ്ങ് അനായാസമായി നടത്താനാകുന്നു. മണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ബ്ലോഗ് വിദ്യാരംഭം.


പെരിന്തല്‍മണ്ണയിലൊന്നും പോകുന്നില്ല. തമിഴ്നാട്ടിലെ ജോലിസ്ഥലത്തുനിന്നും എത്തിയ തോന്ന്യാസി കണ്ണൂരാനുമായി സൌഹൃദത്തിന്റെ നിറവില്‍... ആത്മസംതൃപ്തിയുമായി.മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തിലെ ബ്ലോഗേഴ്സ് കൂടിയായ (വലത്തുനിന്ന്)ടി.സുരേഷ് ബാബു (ബ്ലോഗ്‌:വിദേശ സിനിമ(ലോങ്ങ് ഷോട്ട്സ്) ആര്‍.ഗിരീഷ് കുമാര്‍ (എന്‍.ആര്‍.ഐ.ലോകം)......


ഉര്‍ജ്ജ്വസ്വലമായ സംഘാടക പ്രാവീണ്യവുമായി മലബാറി സുനീഷ്. ..., കെ.പി.സുകുമാരേട്ടന്റെ കൂടെ.


തോന്ന്യാസി, കണ്ണൂരാന്‍,വി.കെ.ആദര്‍ശ് എന്നിവര്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ബൂലോകത്തെ അറിയിച്ചുകൊണ്ടിരിക്കെ ഏറനാടനും സുനീഷും സംഘാടകത്വത്തിന്റെ വിയര്‍പ്പില്‍ വേദിയൊരുക്കുന്നു.


ബ്ലോഗ് സഹോദരങ്ങള്‍ക്ക് സ്വാഗതം.... നന്മയുടെ നഗരത്തിലേക്ക് !!!


എന്റെ ബ്ലോഗ് അനുഭവങ്ങള്‍. യുവ എഴുത്തുകാരിയായ മൈന ഉമൈബാന്‍ ബ്ലോഗിലേക്ക് എത്തിപ്പെട്ട വഴികള്‍ വിവരിക്കുന്നു.കണ്ണൂരുവച്ചു നല്‍കിയ വാക്കുപാലിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. ഒരു മാസം മുന്‍പ് കണ്ണൂരിലെ ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോള്‍ കോഴിക്കോട് ശില്‍പ്പശാല ഉടന്‍ എന്നു സധൈര്യം പ്രഖ്യാപിച്ച ഏറനാടന്‍ ബ്ലോഗേഴ്സിനോട് സംസാരിക്കുന്നു.നിറഞ്ഞ സദസ്സില്‍ കണ്ണൂരാന്റെ സോദോഹരണ ബ്ലോഗ് എങ്ങിനെ നിര്‍മ്മിക്കാം എന്ന ക്ലാസ്സ്. എല്‍.സി.ഡി പ്രൊജക്റ്ററിന്റെ സഹായത്തോടെ.

ബ്ലോഗര്‍ ഡി.പ്രദീപ്കുമാര്‍(തൃശൂര്‍ ആകാശവാണി) പോഡ് കാസ്റ്റിങ്ങിനെക്കുറിച്ച് (ഓഡിയോ)ക്ലാസ്സെടുക്കുന്നു. ഗ്രീന്‍ റേഡിയോ,എം.പോഡ്,.....തുടങ്ങിയവയുടെ സാധ്യത റേഡിയോയുടെ പരിമിതികളെ മറികടക്കുന്നതിന്റെ ആത്മവിശ്വാസം ആ വാക്കുകളില്‍ ധ്വനിച്ചിരുന്നു.

സ്വന്തം ഈ-മെയില്‍ വിലാസം മറന്നുപോയതിനാല്‍ വിദ്യാരംഭം പൂര്‍ത്തിയാക്കാനായില്ലെങ്കിലും.... കേരളത്തിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറായ ജഫ്രീന ബ്ലോഗാര്‍ത്ഥി വിദ്യാരംഭവേദിയില്‍ ബ്ലൊഗ് മാഷ് കണ്ണൂരാനോടൊപ്പം.


അരീക്കോടന്‍ മാഷ്, ഫൈസല്‍, വിശ്വപ്രഭ, ഡി.പ്രദീപ് കുമാര്‍... സൌഹൃദ വേദികൂടിയായ ബ്ലോഗ് ശില്‍പ്പശാലയില്‍.
ചിത്രകാരന്റെ ഭ്രാന്തിനു സ്നേഹത്തോടെ കാവലിരിക്കുന്ന മകന്‍ അച്ചു.എം.ആര്‍.

ബ്ലൊഗ് ശില്‍പ്പശാല നമുക്ക് അനായാസം സംഘടിപ്പിക്കാന്‍ സഹായിച്ച സ്പോണ്‍സറായ കം‌പ്യൂട്ടര്‍ പ്ലസ്സ്(ചുവരിലെ ബാനര്‍ നോക്കുക)എന്ന സ്ഥാപനത്തോട് നന്ദി പറയുന്ന കോളേജ് അധ്യാപകനും, പ്രമുഖ ബ്ലോഗറുമായ നമ്മുടെ സഹോദരന്‍ അരീക്കോടന്‍ മാഷ്.

.......................................................................


നമ്മുടെ ബ്ലോഗ് മാഷ് കണ്ണൂരാന്‍ കണ്ണൂര്‍ ബ്ലോഗ് അക്കാദമിയിലും, പിന്നെ അവിടെനിന്നും ഒഴിവാക്കി കേരള ബ്ലോഗ് അക്കാദമിയിലും പോസ്റ്റിയ കോഴിക്കോട് ശില്‍പ്പശാലയെക്കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ട് വായനക്കാരുടെ സൌകര്യാര്‍ത്ഥം ഇവിടെ കോപ്പി പേസ്റ്റുന്നു.


കോഴിക്കോട് ബ്ലോഗ് ശില്പശാല, ഒരവലോകനം.

വളരെയേറെ പ്രതീക്ഷയോടെ കാത്തിരൊന്നൊരു ദിവസമായിരുന്നു ഇന്ന്. 3-4 ആഴ്ചകള്‍ നീണ്ട ശ്രമത്തിന്റെ പര്യവസാനം.

കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്ത ഏറനാടന്റെയും, ആദിത്യനാഥിന്റെയും താല്പര്യപ്രകാരമായിരുന്നു കോഴിക്കോട് ശില്പശാല നടത്തണമെന്ന തീരുമാനം. തുടര്‍ന്ന് പോസ്റ്റിലൂടെയും ഫോണിലൂടെയും സുനില്‍.കെ.ഫൈസല്‍, മലബാറി, മൈന തുടങ്ങിയ ബ്ലോഗര്‍മാരും ചേര്‍ന്ന് ഈ ദൌത്യം ഏറ്റെടുത്തു. പത്രദൃശ്യമാധ്യമങ്ങള്‍ ബ്ലോഗ് ശില്പശാല നടക്കാന്‍ പോകുന്നുവെന്ന് വളരെ ഭംഗിയായി തന്നെ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ പങ്കെടുക്കാന്‍ 100ലധികം ബ്ലോഗാര്‍ത്ഥികള്‍ ടെലഫോണിലൂടെ രജിസ്ട്രേഷന്‍ നടത്തിയിരുന്നു. ബൂലോഗത്തെപ്പറ്റിയും, ബ്ലോഗിംങ്ങിനെക്കുറിച്ചും ആദ്യപാഠങ്ങള്‍ 6 പേജ് വരുന്ന ചെറിയ കുറിപ്പ് തയ്യാറാക്കിയിരുന്നു.
ഉച്ചക്ക് 2 മണിക്കാണ് ബ്ലോഗ് ശില്പശാല നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഞങ്ങള്‍ രാവിലെ 9 മണിക്കു തന്നെ വേദിയില്‍ എത്താമെന്നായിരുന്നു തീരുമാനം. കണ്ണൂരില്‍ നിന്നും ഞാനെത്തുമ്പോഴേക്കും മലബാറി കൊല്ലത്തു നിന്നും എത്തിയ വി.കെ.ആദര്‍ശുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രകാരന്‍, ഏറനാടന്‍, സുനില്‍.കെ.ഫൈസല്‍ എന്നിവരെത്തി. ശില്പശാല നടക്കുന്ന ഹാളിലേക്ക് നീങ്ങുമ്പോഴേക്കും ശില്പശാലയില്‍ പങ്കെടുക്കാനായി തമിഴ് നാട്ടിലെ ആണ്ടിപ്പട്ടിയില്‍ നിന്നും തോന്ന്യാസിയും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മണിക്കുട്ടിയും, ആദിത്യനാഥും എത്തി. ബ്ലോഗര്‍മാര്‍ എത്തിയതോടെ ഹാളിലും പുറത്തും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി, ബാനറുകള്‍ കെട്ടി, കുടിവെള്ളം എത്തിച്ചു. പിന്നാലെ നിത്യന്‍, വിശ്വപ്രഭ എന്നീ ബ്ലോഗര്‍മാരും എത്തിച്ചേര്‍ന്നു. നെറ്റ് കണക്ഷന്‍, എല്‍.സി.ഡി. പ്രൊജക്ടര്‍ എന്നിവ തയ്യാറാക്കി, ഒരുക്കങ്ങള്‍ സംബന്ധിച്ച പോസ്റ്റ് പബ്ലിഷ് ചെയ്യുകയും ചെയ്തു. ഊണു കഴിച്ചെത്തുമ്പോഴേക്കും ബ്ലോഗാര്‍ത്ഥികള്‍ എത്തി തുടങ്ങിയിരുന്നു.
മലപ്പുറത്തെ മദ്രസ അധ്യാപകനായ പി.ബഷീറാണ് ആദ്യമെത്തിയത്. വന്ന എല്ലാവരും വളരെ പ്രതീക്ഷയോടെയായിരുന്നു ശില്പശാലയെ ഉറ്റു നോക്കിയിരുന്നത്. പലതവണ സ്വന്തമായി പരിശ്രമിച്ചിട്ടും ബ്ലോഗുണ്ടാക്കാന്‍ സാധിക്കാതെ പോയവര്‍, ബ്ലോഗുണ്ടാക്കിയെങ്കിലും മലയാളത്തില്‍ എങ്ങിനെ എഴുതും എന്നറിയാത്തവര്‍, ബ്ലോഗെന്താണെന്നറിയാത്തവര്‍ അങ്ങിനെ എല്ലാ തരം ആളുകളും ഉണ്ടായിരുന്നു. ചെറിയ കുട്ടികള്‍ മുതല്‍ വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന പൌരന്മാര്‍ വരെ. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ. നമ്മുടെ മലയാളി സമൂഹത്തിന്റെ എല്ലാ തുറകളുലുമുള്ളവര്‍ ശില്പശാലക്കെത്തിയിരുന്നു എന്നത് ശുഭ സൂചനയാണ്. ഏകദേശം 250ല്‍ അധികം ആളുകള്‍ ശിലപശാലയില്‍ പങ്കെടുത്തു. വളരെ ആവേശത്തോടെയാണെല്ലാവരും പങ്കെടുക്കാനായെത്തിയതെന്നത് എടുത്തു പറയേണ്ടതാണ്. കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രമല്ല, അയല്‍ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നു പോലും ബ്ലോഗാര്‍ത്ഥികള്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായി.

ബ്ലോഗാര്‍ത്ഥികളെ പോലെ തന്നെ വളരെ ആവേശത്തോടെയാണ് ബൂലോഗരും ശിലപശാലയെ കണ്ടത്. ബെര്‍ളി തോമസ്, ഡി.പ്രദീപ് കുമാര്‍, മൈന, അരീക്കോടന്‍, ദ്രൌപതി, ടി.സുരേഷ്ബാബു, ആര്‍.ഗിരീഷ് കുമാര്‍, പ്രസാദ് വിമതം, കെ.പി.റഷീദ് (കവിതക്കൊരിടം), ഫൈസല്‍ പൊയില്‍, മിനീസ്, സഹ്യന്‍, പ്രസാദ്കുമാര്‍, കയ്യെഴുത്ത്, മുരളിക, ഷാ‍ഫി (പെരുവഴി), മനോജ് കാട്ടാമ്പള്ളി തുടങ്ങിയ ബ്ലോഗര്‍മാരും എത്തിയിരുന്നു. (വല്ലവരുടെയും പേരു വിട്ടു പോയെങ്കില്‍ ക്ഷമിക്കണം.).
രണ്ടുമണിക്കു തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും 2.30നാണ് ശില്പശാല തുടങ്ങിയത്. ബ്ലോഗാര്‍ത്ഥികളെയും ബ്ലോഗര്‍മാരെയും ബ്ലോഗിണികളെയും കോഴിക്കോട് ബ്ലോഗക്കാദമിക്കു വേണ്ടി മലബാറി ഹൃദ്യമായി സ്വാഗതം ചെയ്തു. തുടര്‍ന്ന് ബ്ലോഗ് അക്കാദമിയുടെ ഉദ്ദേശ ലക്‍ഷ്യങ്ങളെക്കുറിച്ച് ചിത്രകാരന്‍ ഹ്രസ്വമായ ഒരാമുഖ പ്രസംഗം നടത്തി. ബ്ലോഗിന്റെ സാധ്യതകള്‍, ഉപയോഗങ്ങള്‍ എന്നിവ ലളിതമായ ഭാഷയില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി വിവരിച്ചു. ശില്പശാലയുടെ ലക്‍‌ഷ്യങ്ങള്‍ ഏറനാടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവരിച്ചത് കാണിക്കള്‍ക്കേറെ രസിച്ചു.
തുടര്‍ന്ന് പ്രജക്ടറിന്റെ സഹായത്തോടെ എങ്ങിനെ യൂനിക്കോഡ് ഫോണ്ടുകള്‍ ഡൌണ്‍‌ലോഡ് ചെയ്ത് കം‌പ്യൂട്ടറില്‍ മലയാളം വായിക്കാമെന്ന് ഞാന്‍ വിവരിച്ചു. എഴുത്തുപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം, ബ്ലോഗര്‍/വേര്‍ഡ് പ്രസ്സ് എന്നിവയില്‍ ബ്ലോഗുണ്ടാക്കുന്നവിധം, ബൂലോഗത്തെ പൊതുസ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചും ഒരു ചെറിയ ക്ലാസ്സ് ഞാനെടുക്കുകയുണ്ടായി. (ആര്‍ക്കെങ്കിലും വല്ലതും പിടികിട്ടിയോ ആവോ?) മ്യൂസിക്ക് ബ്ലോഗിംഗിനെക്കുറിച്ചും പോഡ്കാസ്റ്റിനെക്കുറിച്ചും തൃശൂര്‍ ആകാശവാണിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ബ്ലോഗറുമായ ഡി.പ്രദീപ് കുമാര്‍ വിശദമായ ക്ലാസ് നല്‍കി. തുടര്‍ന്ന് ആനുകാലികങ്ങളില്‍ സ്ഥിരമായെഴുതുന്ന വി.കെ.ആദര്‍ശ് ബ്ലോഗിന്റെ ഭാവിയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും അതീവ ലളിതമായി, നര്‍മ്മത്തില്‍ ചാലിച്ച് സംസാരിച്ച് സദസ്സിനെ കയ്യിലെടുത്തു. തുടര്‍ന്ന വിക്കിപീഡിയയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ ബ്ലോഗറായിരുന്ന വിശ്വപ്രഭ സംസാരിച്ചു. തന്റെ ബ്ലോഗനുഭവങ്ങളെക്കുറിച്ചും, എങ്ങിനെ ബ്ലോഗറായെന്നും മൈന സംസാരിച്ചു. അപ്പോഴേക്കും സമയം 5 മണിയായിരുന്നു. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായ ക്ലാസ്സുകള്‍ (എന്നെ പോലുള്ളവരുടെ കത്തിയും) ഉണ്ടായിട്ടും യാതൊരു മടുപ്പുമില്ലാതെ എല്ലാവരും ക്ലാസുകള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന ബ്ലോഗാരംഭം നടന്നു. മണിക്കുട്ടിയും ഞാനും രണ്ട് ലാപ്ടോപ്പുകളുമായി ബ്ലോഗാര്‍ത്ഥികള്‍ക്ക് ആദ്യപാഠങ്ങള്‍ പകര്‍ന്നു. ആദ്യമായി ബ്ലോഗാരംഭിച്ചത് കേരളത്തിലെ ആദ്യ വനിതാ ഓട്ടോ റിക്ഷാ ഡ്രൈവറും കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ജെഫ്രീനയായിരുന്നു. ഒരു ഭാഗത്ത് ബ്ലോഗാരംഭം നടക്കുമ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് വി.കെ.ആദര്‍ശും മറ്റും ബ്ലോഗര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരുന്നു. എല്ലാവരും പിരിയുമ്പോഴേക്കും ഓടിക്കിതച്ച് ദൃശ്യനും എത്തി നമ്മുടെ ശില്പശാലയില്‍ പങ്കാളിയായി. തികച്ചും സംതൃപ്തരായാണ് ശില്പശാലയില്‍ വന്നവര്‍ മടങ്ങിയത്, ഞങ്ങളും.
ശില്പശാലക്ക് പത്ര ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള പിന്തുണ ഗംഭീരമായിരുന്നു. 10.30ന്റെ ഏഷ്യാനെറ്റ് ന്യൂസില്‍ നല്ലൊരു വാര്‍ത്ത വന്നു കഴിഞ്ഞു. എല്ലാ ചാനലുകളും പരിപാടി കവര്‍ ചെയ്തിട്ടുണ്ട്. ശില്പശാല വിജയമാക്കുന്നതിനു കോഴിക്കോട് ബ്ലോഗര്‍മാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ബ്ലോഗിന്റെ ജനാധിപത്യവല്‍ക്കരണത്തെ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്.
ശില്പശാലക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയ കം‌പ്യൂട്ടര്‍ പ്ലസിനും, മാധ്യമ സുഹൃത്തുക്കളോടും സര്‍വ്വോപരി എല്ലാ ബൂലോഗരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

..........................................................


Saturday, 26 April 2008

കോഴിക്കോട് ബ്ലോഗ് ശില്പശാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ബ്ലോഗ് അക്കാദമിയുടെ രണ്ടാം ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്ലോഗ് ശില്പശാല നടക്കുന്ന കോഴിക്കോട് സഹകരണ അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബ്ലോഗര്‍മാര്‍ എത്തിതുടങ്ങി.


രാവിലെ 9 മണിമുതല്‍ പ്രവാഹം തന്നെയായിരുന്നു. കൊല്ലത്തുനിന്നും വി.കെ.ആദര്‍ശ് രാവിലെ തന്നെ എത്തി. തമിഴ്നാട്ടിലെ ആണ്ടിപ്പട്ടിയില്‍ നിന്നും തോന്ന്യാസിയും, കണ്ണൂരില്‍ നിന്നും ചിത്രകാരനും മകനും ലാന്റ് ചെയ്തു.ശില്പശാലയുടെ സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ട് ഏറനാടനും, മലബാറിയും, സുനില്‍ കെ.ഫൈസലും ഓടി നടക്കുന്നു.
അരീക്കോടന്‍ മാഷും കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും നഗരത്തിലെത്തിക്കൊണ്ടിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.ഇന്നലെ കോഴിക്കോടു നിന്നുമിറങ്ങിയ സകലപത്രങ്ങളും ബ്ലോഗ് ശില്പശാലയെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ സമ്പന്നമാണ്.

മാതൃഭൂമി - മലയാളം ബ്ലോഗ് ശില്പശാല 27ന്
മലയാള മനോരമ - വരൂ, ബ്ലോഗുകളുടെ ലോകത്തേക്ക്
മംഗളം - എഴുതാന്‍ തയ്യാറാണോ? പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് തയ്യാര്‍
മാധ്യമം - മലയാളം ബ്ലോഗ് ശില്പശാല 27ന്
ദീപിക - മലയാളം ബ്ലോഗ് ശില്പശാല കോഴിക്കോട് 27ന്
ദേശാഭിമാനി - മലയാളം ബ്ലോഗ് ശില്പശാല നാളെ
വര്‍ത്തമാനം - ബ്ലോഗ് ശില്പശാല 27ന്
ചന്ദ്രിക - മലയാളം ബ്ലോഗ് ശില്പശാല
കേരള കൌമുദി - ബ്ലോഗ് ശില്പശാല നാളെ കോഴിക്കോട്ട്
ദി ഹിന്ദു - Wokshop on Malayalam Blogging
ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്സ് - Kerala Blog Academy to hold Workshop

ഈ വാര്‍ത്തകള്‍ കൂടാതെ ദൃശ്യമാധ്യമങ്ങളും വളരെ നല്ല കവറേജ് നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, അമൃത, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് എന്നിവയിലും വാര്‍ത്തകള്‍ സം‌പ്രേക്ഷണം ചെയ്തിട്ടുണ്ട്.

കൃത്യം രണ്ടുമണിക്കു തന്നെ കാര്യപരിപാടികള്‍ ആരംഭിക്കണമെന്ന് ഉദ്ദേശിക്കുന്നു. കോഴിക്കോട് എത്താന്‍ പറ്റാത്ത സകല ബൂലോഗ കൂടപ്പിറപ്പുകളും ഞങ്ങളുടെ കൂടെയുണ്ടെന്ന വിശ്വാസം ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു.

ഏറനാടാ‍ാ, ഞാനിതൊന്നു പൂര്‍ത്തിയാക്കട്ടെ, ആ ചായയും ചട്ടിപത്തിരിയും അവിടെ വെയ്യ്, അതു തീര്‍ക്കല്ലെ.. രാവിലെ 6 മണിക്ക് വീട്ടിന്നിറങ്ങിയതാ, ...

Friday, 25 April 2008

കോഴിക്കോട് പത്ര സമ്മേളനം


27-04-2008 നു നടക്കുന്ന കോഴിക്കോട് ബ്ലോഗ് ശില്പ ശാലയെ ക്കുറിച്ച് കാലിക്കറ്റ് പ്രസ്സ്‌ ക്ലബ്ബില്‍ 25-04-2008 നു നടത്തിയ പത്ര സമ്മേളനത്തില്‍ നിന്ന്. കെ.പി. സുകുമാരന്‍ അഞ്ചരകണ്ടി, ഏറനാടന്‍ എന്നിവര്‍

കോഴിക്കോട് ബ്ലോഗ് ശില്‍പശാലയിലേക്കുള്ള വഴി

എപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് ബ്ലോഗ് ശില്‍പശാല നടക്കുന്ന കാലികറ്റ് കോ-ഒപ്പ് അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തിലേക്കുള്ള വഴി പറഞ്ഞു തരാം.

കോഴിക്കോട് ടൌണില്‍ എവിടെ നിന്നാണെങ്കിലും കല്ലായി റോഡ് MCC BANK (KDC BANK HEAD OFFICE ) stop ല്‍ എത്തണം എന്ന് പറയുക. KDC Bank (Kozhikode District Co-operative Bank) , Head office കെട്ടിടത്തിന്റെ നേരെ എതിര്‍ ഭാഗത്താണ് കാലിക്കറ്റ് അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയം . ഒരു പഴയ തറവാട് പോലെ അല്പം ഉള്ളിലോട്ട് ഉള്ള ഒരു കെട്ടിടമാണ് .

Railway Station ല്‍ നിന്നും വരുകയാണെങ്കില്‍ :- Link Road ലൂടെ 150 മീറ്ററോളം നടന്നാല്‍ കല്ലായി റോഡില്‍ എത്തും . അവിടെ നിന്നും വലത്തു ഭാഗത്തേക്ക് നടക്കുക. ഒരല്പം നടന്നാല്‍ KDC Bank കെട്ടിടവും കഴിഞ്ഞു , ഒരു പെട്രോള്‍ ബങ്കിനു നേരെ എതിര്‍ ഭാഗത്തായി Calicut Co-operative Urban Bank ബോര്‍ഡ് കാണാം. രാവിലെ 10 മണി മുതല്‍ ആളുണ്ടാവും. നേരത്തെ വന്നാല്‍ പരിചയപെടാമല്ലോ.

KSRTC Bus stand, പുതിയ ബസ് സ്റ്റാന്റ് (മൊഫ്യൂസല്‍ ബസ് സ്റ്റാന്റ്) തുടങ്ങി നഗരത്തിന്റെ ഏതു ഭാഗത്ത് നിന്നും ആട്ടോറിക്ഷയില്‍ വരുകയാണെങ്കില്‍ കല്ലായി റോഡ് MCC BANK Stop എന്ന് പറയുകയാണ്‌ തിരിച്ചറിയാന്‍ കൂടുതല്‍ എളുപ്പം. കോഴിക്കോട് ആട്ടോറിക്ഷാക്കാര്‍ മീറ്റര്‍ ചാര്‍ജ് മാത്രമേ വാങ്ങിക്കൂ. കൊല്ലില്ല. KSRTC Bus stand, പുതിയ ബസ് സ്ടാന്റ്റ് (മൊഫ്യൂസല്‍ ബസ് സ്ടാന്റ്റ് ) എന്നിവിടെ നിന്നും 13 രൂപ ഓട്ടോ ചാര്‍ജ് വരും. മാനാഞ്ചിറ നിന്നും മിനിമം ചാര്‍ജ് മാത്രം. സിറ്റി ബസില്‍ കയറിയാലും MCC bank സ്റ്റോപ്പില്‍ ഇറങ്ങാം.

ലാപ്‌ ടോപ് കൈവശമുള്ളവര്‍ കൊണ്ട് വരാന്‍ മറക്കില്ലല്ലൊ അല്ലെ! അപ്പോള്‍ നേരില്‍ കാണാം...
post scrap cancel

Thursday, 17 April 2008

കോഴിക്കോട് ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള് പുരോഗമിക്കുന്നു

പ്രിയപ്പെട്ടവരെ....
ഈ മാസം 27നു നടക്കുന്ന കോഴിക്കോട് ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള്‍ എല്ലാം നല്ല രീതിയില്‍ പുരോഗമിക്കുന്നു.
മനോരമ,മാത്യഭൂമി,ചന്ദ്രിക,ദീപിക,ദേശാഭിമാനി,മാധ്യമം,മംഗളം,കേരള കൌമുദി,രാഷ്ട്രദീപിക,വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കോഴിക്കോടുള്ള സ്വകാര്യ എഫ്.എം.സ്റ്റേഷനുകളായ റേഡിയോ മാംഗോയിലും എസ്.എഫ്.എമ്മിലും അറിയിപ്പുകള്‍ വരുന്നതായിരിക്കും.ഒപ്പം പ്രാദേശിക ചാനലുകലായ എ.സി.വിയിലും ജില്ലാ വാര്‍ത്തയിലും ഇന്നും നാളെയുമായി റിപ്പോര്‍ട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് പ്രാദേശിക ചാനലുകളിലും വാര്‍ത്ത വരുമെന്ന് പ്രതീക്ഷിക്കുന്നു.പ്രസ്സ് മീറ്റിനായി 25 നു പ്രസ് ക്ലബ് ബുക്കു ചെയ്തിട്ടുണ്ട്.

സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം ബ്ലോഗിന്റെ ചരിത്രവും സാമൂഹിക പ്രാധാന്യവും ക്ലാസുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും .ക്ലാസുകള്‍ എല്ലാവര്‍ക്കും വ്യക്തമാവുന്നതിനായി പ്രൊജക്റ്റര്‍ ഉണ്ടാവുന്നതാണ്. രണ്ട് ലാപ് ടോപ്പുകളും യു.എസ്.ബി.നെറ്റ് കണക്ഷനും ഉറപ്പുവരുത്തിയിട്ടുണ്ട്.

ശില്പശാലയില്‍ വരുന്നവര്‍ക്ക് ലാപ് ടോപ്പ് ഉണ്ടെങ്കില് അത് കൊണ്ടുവരാവുന്നതാണ്.അതില്‍ മലയാളം ബ്ലോഗിംഗിനു ആവശ്യമായ സോഫ്റ്റ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്ത് നല്കുന്നതായിരിക്കും.ആവശ്യമുള്ളവര്‍കായി വിശദമായ ബ്ലോഗിംഗ് ട്യൂട്ടോറിയല്‍ സി.ഡി നല്കുന്നതിനും ആലോചിക്കുന്നുണ്ട്.

പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ നല്ല പ്രതികരണം ലഭിച്ചു തുട്ങ്ങിയിട്ടുണ്ട്. 17 നു ഉച്ച വരെ മാത്രം 50ല്‍ അധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലവരുടേയും നിര്‍ദ്ദേങ്ങളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

Monday, 7 April 2008

കോഴിക്കോട്‌ ജില്ലാ ബ്ലോഗ്‌ ശില്‍പശാല ഏപ്രില്‍ 27-ന്‌ (ഞായറാഴ്‌ച)

കോഴിക്കോട്‌ ജില്ലാ ബ്ലോഗ്‌ ശില്‍പശാല ഈ മാസം 27-ന്‌ (ഞായറാഴ്‌ച) ഉച്ചയ്ക്ക്‌ ശേഷം 2 മണിമുതല്‍ 6 മണിവരെ കോഴിക്കോട്‌ അര്‍ബന്‍ ബാങ്ക്‌ ഹാളില്‍ വെച്ച്‌ നടത്തുന്ന വിവരം സസന്തോഷം ഏവരേയും അറിയിച്ചുകൊള്ളുന്നു.

ഇന്നലെ നളന്ദ ഹോട്ടലിലെ ചര്‍ച്ചായോഗത്തില്‍ ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, കണ്ണൂരാന്‍, സുനില്‍ കെ ഫൈസല്‍ (മലയാളഗ്രാമം ബ്ലോഗുടമ), മൈന ഉമൈബാന്‍ (സര്‍പ്പഗന്ധി ബ്ലോഗിനുടമ), ഏറനാടന്‍ എന്നിവര്‍ പങ്കെടുത്തു. യോഗം പിരിഞ്ഞതിനു ശേഷം എല്ലാവരും ചേര്‍ന്ന് പലവിധം ഹാളുകളും പോയികണ്ടെങ്കിലും സീസണായതിനാല്‍ പലതും പലരും നേരത്തെ 'ബുക്കി'യിരുന്നു.

ഒടുവില്‍ റെയില്‍‌വേ സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ മാത്രം ദൂരമുള്ള കാലിക്കറ്റ് കോര്‍‌പ്പറേറ്റീവ് അര്‍‌ബന്‍ ബാങ്ക് ആഡിറ്റോറിയം (Calicut Co-op Urbun Bank Auditorium (kallai road), Opp.KDC Bank Building) ബുക്ക് ചെയ്തിരിക്കുന്നു. നമുക്കിത് ലഭിച്ചതൊരു മഹാഭാഗ്യമായി കരുതുന്നു, കാരണം സര്‍ഗ്ഗാത്മകതയും ഭാവനാശേഷിയും യഥേഷ്‌ടം മനസ്സില്‍ നിറയുന്നവിധം പഴയൊരു നാലുകെട്ട്‌ ശൈലിയിലാണ്‌ ആ കെട്ടിടം. പാളയം-കല്ലായി റോഡിനരികിലാണിത്‌.

പിന്നീട് എല്ലാവരും കോഴിക്കോട്ടെ മറ്റൊരു വിഖ്യാതബ്ലോഗറും പലരുടേയും ആരോമലുണ്ണിയും ഒരുകാലത്ത്‌ ബൂലോഗത്ത്‌ വിവാദക്കാറ്റ്‌പോലും ഉയര്‍ത്തിയ ദ്രൗപതിയെ കാണുവാന്‍ പുറപ്പെട്ടു. അവര്‍ ജോലിചെയ്യുന്ന പത്രമാപ്പീസില്‍ ഞങ്ങളെത്തി കൈയ്യോടെ പിടികൂടുകയും ഘെരാവോ പോലെ ചുറ്റും കൂടി വിശേഷം പറഞ്ഞ്‌ പിരിഞ്ഞു. ദ്രൗപതിയുടേയും സഹപ്രവര്‍ത്തകരുടേയും പൂര്‍ണ്ണപിന്തുണ ഉറപ്പായതില്‍ ഞങ്ങള്‍ അവരോട്‌ നന്ദി പറയാനും മറന്നില്ല. വാതിലിനടുത്ത്‌ വെച്ച്‌ മലയാളബ്ലോഗ്‌ ജനകീയമാക്കുന്നതിനെ കുറിച്ച്‌ ലഘുഭാഷണം നടത്തിയ സുകുമാരേട്ടന്‍ ഊര്‍ജസ്വലനായി ഒരു മഹാഭാഷണത്തിന്‌ തിരികൊളുത്തിയതായിരുന്നു. നേരമില്ലാനേരം ആയിരുന്നതിനാലും ദ്രൗപതി ഡ്യൂട്ടിക്ക്‌ കേറി നിമിഷങ്ങള്‍ ആയിട്ടുള്ളതിനാലും ദീര്‍ഘവിശദീകരണം ശില്‍പശാലയില്‍ വെച്ചാക്കാം എന്ന വാഗ്‌ദാനത്തോടെ സുകുമാരേട്ടന്‍ ഞങ്ങളോടൊപ്പം പോന്നു. അന്നേരം സന്ധ്യ മയങ്ങും നേരം ആയിട്ടുണ്ടായിരുന്നു.

ഓരോ ദിനവും ഒത്തിരിപേര്‍ ശില്‍പശാലയില്‍ താത്‌പര്യം പ്രകടിപ്പിച്ചും പങ്കെടുക്കാനും സഹായസഹകരണങ്ങളാലും ബന്ധപ്പെടുന്നത്‌ ആഹ്ലാദകരമായൊരു വസ്തുതയാണ്‌.

താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും (ഏത്‌ ജില്ലക്കാരായാലും) ഇവിടെ ഹാജര്‍ കമന്റിലൂടെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം ജനകീയമാക്കുവാന്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാവുമെന്ന് ആഗ്രഹിച്ചുകൊള്ളുന്നു