Friday 28 March 2008

കോഴിക്കോട് ബ്ലോഗ് ശില്പശാല (ആലോചന)

പ്രിയ മലയാളികളെ, ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോഴിക്കോട് വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി ഒരു ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ ഈ മാര്‍ച്ച് 23 ന് വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. ശില്‍പ്പശാലയില്‍ വച്ചുതന്നെ നാലു “ബ്ലോഗാര്‍ത്ഥികള്‍“ പുതിയ മലയാളം ബ്ലോഗ് തുടങ്ങി എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്. ബ്ലോഗ് തുടങ്ങാന്‍ അഞ്ചു മിനിറ്റു സമയമേ വേണ്ടു എന്നു പറയാമെങ്കിലും, സ്വന്തം ബ്ലോഗ് തുടങ്ങുന്നവര്‍ അധികവും മലയാളം യൂണികോഡിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തവും, സ്വന്തം ബ്ലോഗ് ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സ് അറിയാത്തതിനാലും മലയാളികളുടെ ബ്ലോഗ് പൊതുസ്ഥലമായ “ബൂലോകം“ എന്ന സുപരിചിത ഭൂഖണ്ഡത്തില്‍ എത്തിച്ചേരാതെ ഒറ്റപ്പെട്ട് ബ്ലോഗിങ്ങ് മതിയാക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനും, മലയാളം ബ്ലോഗിങ്ങ് ഒരു ജനകീയ മാധ്യമമായി വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ള ബ്ലോഗേഴ്സിന്റെ കൂട്ടായ്മയിലൂടെയും, ബ്ലോഗ്ഗെഴ്സല്ലാത്തവരുടെ സഹകരണത്തിലൂടെയും കേരളാ ബ്ലോഗ് അക്കാദമി ശ്രമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുകയാണ്. ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, കോഴിക്കോട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ ഏറനാടന്‍, ആദിത്യനാഥ്, കാഴ്ച്ചക്കാരന്‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്. കേരളാ ബ്ലോഗ് അക്കാദമി എന്നത് നല്ല മനസ്സുകളുടെ ഒരു കൂട്ടയ്മ മാത്രമാണെന്നും, അതൊരു സംഘടനയോ, സ്ഥാപനമോ അല്ലെന്നും മലയാളം ബ്ലോഗിങ്ങിനെ ത്വരിതപ്പെടുത്താനുള്ള ആശയം മാത്രമാണെന്നും മനസ്സിലാക്കിക്കൊണ്ട് ഈ സദുദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ആര്‍ക്കും വേദിയൊരുക്കുക എന്നതുമാത്രമാണ് ബ്ലോഗ് അക്കാദമിയുടെ ദൌത്യം. ബ്ലോഗിങ്ങ് ജനകീയമാക്കാനുള്ള ബ്ലോഗ് ശില്‍പ്പ ശാല ആശയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കമന്റുകളായും ,മെയിലുകളാലും, സ്വയം സംഘടിക്കാവുന്നതാണ്. അഭിപ്രായങ്ങളുടേയോ, ഭേദഭാവങ്ങളുടേയോ തടസ്സങ്ങളില്ലാതെ, പരസ്പ്പര ബഹമാനത്തോടെ, അറിവുകള്‍ സ്വാര്‍ത്ഥതയില്ലാതെ കൈമാറാനുള്ള ഈ വേദിയെ നമുക്കുപയോഗപ്പെടുത്താം.